കേരളത്തിലെ ക്യാംപസുകളിൽ ഏറ്റവും കൂടുതൽ ന്യൂ ജനറേഷൻ കോഴ്സുകൾ ഒരുമിച്ചുതുടങ്ങുന്ന വർഷമാണിത്. ചില വിഷയങ്ങൾ കേട്ടിട്ടുണ്ടെന്നല്ലാതെ, അവയുടെ ഉള്ളടക്കമോ സാധ്യതകളോ ഇപ്പോഴും പലർക്കും പരിചിതമല്ല. അങ്ങനെ ചില കോഴ്സുകൾ ഇതാ.
ഡേറ്റ അനലിറ്റിക്സ്
എംഎസ്‌സി ഡേറ്റ അനലിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റ അനലിറ്റിക്സ് എന്നീ ഏറ്റവും കൂടുതൽ ന്യൂ ജനറേഷൻ കോഴ്സുകൾ ഒരുമിച്ചുതുടങ്ങുന്ന വർഷമാണിത്. ചില വിഷയങ്ങൾ കേട്ടിട്ടുണ്ടെന്നല്ലാതെ, അവയുടെ ഉള്ളടക്കമോ സാധ്യതകളോ ഇപ്പോഴും പലർക്കും പരിചിതമല്ല പ്രോഗ്രാമുകൾ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ആരംഭിക്കുന്നു. എൻജിനീയറിങ് കോഴ്സുകളിലും ഡേറ്റ അനലിറ്റിക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.
വിഷയം: ഉദാഹരണത്തിലൂെട പറയാം. കഴിഞ്ഞ ഉത്സവ സീസണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഉൽപന്നങ്ങളേത് ? നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേ ഡിമാൻഡ് ആയിരുന്നോ ? ഇത്തരം വിവരങ്ങൾ അപഗ്രഥിച്ചാൽ ഈ സീസണിൽ അതനുസരിച്ചുള്ള വിപണി തന്ത്രങ്ങൾ മെനയാം. ഇത്തരം വിശകലനങ്ങളുടെ മേഖലയാണു ഡേറ്റ അനലിറ്റിക്സ്. മാനേജ്മെന്റ് ശാഖകളിൽ ഇതിന്റെ ബിസിനസ് വശത്തിന് ഊന്നൽ നൽകുമ്പോൾ സയൻസ്, എൻജിനീയറിങ് മേഖലകളിൽ ശാസ്ത്ര, സാങ്കേതിക വശവും അപഗ്രഥനരീതിയുമാണ് പഠിപ്പിക്കുന്നത്.
സാധ്യതകൾ: വിദഗ്ധരുടെ ക്ഷാമമുള്ളതിനാൽ ഏറെ തൊഴിൽസാധ്യത.
ഇക്കണോമെട്രിക്സ്
എംഎസ്‌സി, എംഎ പ്രോഗ്രാമുകൾ.
വിഷയം: സാമ്പത്തികശാസ്ത്ര തത്വങ്ങളെ സ്റ്റാറ്റിസ്റ്റിക്സും മാത്‌സും ഉപയോഗിച്ച് വിശകലനം ചെയ്യുന്നു. അതുപയോഗിച്ച് വിവിധ പ്രശ്നങ്ങളിൽ പ്രായോഗിക പരിഹാരങ്ങൾ കാണുന്നു. എംഎ പ്രോഗ്രാമിൽ ഇക്കണോമിക്സ് വിഷയങ്ങൾക്കും എംഎസ്‌സി പ്രോഗ്രാമിൽ മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾക്കുമാണ് പ്രാധാന്യം.
സാധ്യതകൾ: കൃഷിയിലും വ്യവസായത്തിലും മറ്റും ആസൂത്രണം, ഭാവി വിശകലനം തുടങ്ങിയവയ്ക്ക് ഇക്കണോമെട്രിക്സ് ഉപയോഗപ്പെടുത്തുന്നു. കൂടുതൽ മേഖലകളിൽ പ്രഫഷനലിസം കടന്നുവരുന്നതോടെ ഇക്കണോമെട്രിക്സ് അവിഭാജ്യ ഘടകമായി മാറും.
ഇന്റഗ്രേറ്റഡ് കോഴ്സുകൾ
ഡിഗ്രിയും പിജിയും ഒരുമിച്ചു പഠിക്കാവുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും ഈ വർഷം കൂടുതലായി തുടങ്ങുന്നു. പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, ബേസിക് സയൻസസ്, ജിയോളജി തുടങ്ങിയ വിഷയങ്ങളിൽ 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുണ്ട്.
സാധ്യതകൾ: വിഷയം ആഴത്തിൽ പഠിക്കാം. തുടർന്ന് ഗവേഷണത്തിലേക്കുള്ള വഴി എളുപ്പം. ഡിഗ്രിക്കും പിജിക്കുമായി വെവ്വേറെ പ്രവേശനം തേടേണ്ട. നിലവിലെ മാനദണ്ഡങ്ങളനുസരിച്ച് പഠനം ഇടയ്ക്കു നിർത്തി ബിരുദ സർട്ടിഫിക്കറ്റ് മാത്രമായി നേടാൻ സാധിക്കില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
പിജി തലത്തിൽ എംഎസ്‌സി, എംടെക് പ്രോഗ്രാമുകൾ. നിലവിൽ തിരുവനന്തപുരം ഐഐഐടിഎം–കെ ഉൾപ്പെടെ ചിലയിടങ്ങളിൽ എഐ കോഴ്സുകളുണ്ട്.
വിഷയം: മനുഷ്യരുടെ ബുദ്ധിയെയും ചിന്താശൈലിയെയും അനുകരിക്കാൻ കംപ്യൂട്ടറിനെ പരിശീലിപ്പിച്ചെടുത്താൽ ഒട്ടേറെ മേഖലകളിൽ പ്രയോജനപ്പെടും. ഉദാ: ഓൺലൈൻ കസ്റ്റമർകെയർ സേവനങ്ങൾക്കു ചില സ്ഥാപനങ്ങളിലുള്ള ചാറ്റ് ബോട്ടുകൾ. ഇടപാടുകാരുടെ പതിവായുള്ള അന്വേഷണങ്ങൾക്കു നൽകേണ്ട മറുപടികൾ കംപ്യൂട്ടറിൽ പ്രോഗ്രാം ചെയ്തിരിക്കുകയാണിവിടെ. മെഷീൻ ലാംഗ്വിജും ഇതോടൊപ്പം ചേർത്തുപറയാം.
സാധ്യതകൾ: ദൈനംദിന ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലാംഗ്വിജിന്റെയും സ്വാധീനം വർധിക്കുകയാണ്. കംപ്യൂട്ടർ സയൻസുകാർക്കു മാത്രമല്ല, എല്ലാ മേഖലകളിൽ പഠിക്കുന്നവർക്കും ഇവ അറിയേണ്ടിവരും.
സൈബർ ഫൊറൻസിക് സയൻസ്
ബിഎസ്‌സി, എംഎസ്‌സി പ്രോഗ്രാമുകൾ പുതുതായി അനുവദിച്ചിട്ടുണ്ട്. നിലവിൽ ചുരുക്കം ചില ക്യാംപസുകളിൽ ഇതു പഠിപ്പിക്കുന്നുണ്ട്.
വിഷയം: സൈബർ കുറ്റകൃത്യങ്ങളിലും ഓൺലൈൻ തട്ടിപ്പുകളിലും ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുക, കംപ്യൂട്ടറുകളിലെയും ഡിജിറ്റൽ സ്റ്റോറേജ് ഉപകരണങ്ങളിലെയും വിവരങ്ങൾ അപഗ്രഥിക്കുക തുടങ്ങിയവയാണു ജോലി. എല്ലാത്തരം കുറ്റകൃത്യങ്ങൾ തെളിയിക്കാനും സൈബർ തെളിവുകൾ സഹായകരമാണ്.
സാധ്യതകൾ: സൈബർ കുറ്റകൃത്യങ്ങൾ ഏറുന്നതിനാലും മിക്ക കുറ്റകൃത്യങ്ങളിലും ഡിജിറ്റൽ തെളിവുകൾ ഉണ്ടാകുമെന്നതിനാലും ഈ മേഖലയിൽ കൂടുതൽ വിദഗ്ധരെ ആവശ്യമുണ്ട്.
സ്പോർട്സ് മാനേജ്മെന്റ്
സ്പോർട്സിലും മാനേജ്മെന്റിലും അഭിരുചിയുള്ളവർക്കു പുതിയ അവസരം.
വിഷയം: കായിക അധ്യാപനം, കോച്ചിങ് എന്നിവയൊഴികെ സ്പോർട്സുമായി ബന്ധപ്പെട്ട മേഖലകളാകും പഠിക്കുക. ഉദാ: സ്പോർട്സ് ഇവന്റ് മാനേജ്മെന്റ്, ഈ രംഗത്തെ സാങ്കേതികവിദ്യകൾ, താരങ്ങളുടെ പ്രഫഷനൽ മാനേജർമാരാകാനുള്ള പരിശീലനം തുടങ്ങിയവ. കായിക മികവല്ല, ഈ മേഖലയെക്കുറിച്ചുള്ള ധാരണയാണു വേണ്ടത്.
സാധ്യതകൾ: കേരളത്തിലാദ്യമാണ് ഇത്തരമൊരു ബിരുദ പ്രോഗ്രാം. കായികരംഗം കൂടുതൽ പ്രഫഷനലാകുന്നത് സാധ്യതകൾ വർധിപ്പിക്കുന്നു.
ഒക്കുപ്പേഷനൽ തെറപ്പി
4 വർഷ പ്രോഗ്രാം. പാരാമെഡിക്കൽ ഡിഗ്രി റാങ്ക് ലിസ്റ്റിൽ നിന്നാണു പ്രവേശനം.
വിഷയം: വ്യക്തികൾക്കു ജന്മനാലോ പിന്നീടോ ഉണ്ടാകുന്ന പരിമിതികളെ മറികടക്കാൻ സഹായിക്കുകയും ദൈനംദിന പ്രവർത്തനങ്ങൾക്കും ജോലിക്കും പ്രാപ്തരാക്കുകയുമാണ് ഒക്കുപ്പേഷനൽ തെറപ്പിസ്റ്റിന്റെ ജോലി.
ഫിസിയോതെറപ്പി, സ്പീച്ച്-ലാംഗ്വിജ് പാത്തോളജി, ഓഡിയോളജി, നഴ്സിങ്, സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി തുടങ്ങിയ മേഖലകളുമായി ചേർന്നാണു പ്രവർത്തനം.
സാധ്യതകൾ: ആശുപത്രികൾ, സ്പെഷൽ സ്കൂളുകൾ, റീഹാബിലിറ്റേഷൻ സെന്ററുകൾ തുടങ്ങിയവയിൽ അവസരം. ഈ രംഗത്തു നിലവിൽ പ്രഫഷനലുകൾ വളരെ കുറവുമാണ്.